നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Sunday, May 24, 2009

എന്നിലേക്കുള്ള യാത്രകള്‍

ആ കടല്‍ത്തീരം

കണ്ടു മടങ്ങിയതിനുശേഷമാവണം,

യാത്രകളില്‍ ഞാനേറെ ,

ഒറ്റപ്പെടാന്‍ തുടങ്ങിയത് .

ഓര്മ്മിക്കപ്പെടാതിരിക്കാന്‍

ഒരു ബ്ലാക്ക്‌ & വൈറ്റ് ഫിലിം

വെളിച്ചത്തിലേയ്ക്കു തുറക്കപെടേണ്ടതുണ്ട്.

ആവര്ത്തിക്കപെടേണ്ടാതെല്ലാം

ഒരു രൂപ നാണയത്തോടൊപ്പം

കിഴിയാക്കി ഉമ്മറക്കോലായില്‍ വയ്ക്കണം .

ചെയ്യാത്ത യാത്രദിനങ്ങളില്‍ ,

നിറയെ വിവരണങ്ങള്‍

‍എഴുതി വഴിയമ്പലങ്ങളില്‍ ,

സ്വയം നഷ്ടപെടണം.

ആ, എകാന്തമരത്തില്‍

പേരും മിഥുനവും കൊത്തിയ

ചെമ്പ് തകിടും

തറയ്ക്കണ, മൊരു ചരിത്രരേഖയ്ക്കായ്.

മഞ്ഞ സൂര്യകാന്തികള്‍

വീണ്ടും വരയ്ക്കണം

എന്നിട്ട് വേണം ,ചായ പെന്‍സിലുകളുടെ

മുനയൊടിക്കാന്‍ .

വരികളിലൊരു ജീവനെ

കൊരുത്തതിനുശേഷമാവണം

അക്ഷരങ്ങളെ ,നിന്റെ പട്ടത്തിന്റെ

പിറകില്‍ കെട്ടേണ്ടത് .

ശേഷിയ്ക്കുന്ന ഏക സുഹൃത്തിനു

ഒത്തുചേരലുകളുടെ ഓര്‍മകളെ

ഒരു ചുവന്ന ചരടായ് കയ്യിലേല്‍പ്പിക്കണം

ഇനിയും ഒരുപാടുണ്ട് ,

എന്നാല്‍ ജീവിതത്തിലേയ്ക്കുള്ള

അവസാനത്തെ train

കൃത്യമായും 7.55 നു വരും .